Thursday, December 31, 2009

ക്രിസ്തുമസ്‌ ആഘോഷം @ 2009

സ്വയ രക്ഷക്കുള്ള ഒരു തന്ത്രം :"ഈ കഥയ്ക്കോ അതിലേ സംഭവങ്ങൾക്കോ ആരുമായും ഒരു ബന്ധവുമില്ല. ഇനി അബദ്ധത്തിൽ വല്ല ബന്ധവും വന്നാൽ അതിന്‌ എന്നേ പിടിച്ച്‌ ഇടിക്കരുത്‌".

ഇത്തവണത്തെ ക്രിസ്തുമസ്‌ ആഘോഷവും എന്നത്തേയും പോലെ ഞങ്ങൾ കേമമായി ആഘോഷിച്ചു. എല്ലാ ആഘോഷങ്ങൾക്കും ഉള്ളതുപോലെ ഇതിനുമുണ്ടായിരുന്നു ഒരു കമ്മിറ്റി. പാതിരാത്രി വരെ ഇരുന്നു റൂം അലങ്കരിക്കാനും, കഷ്ടപ്പെട്ടു നടന്നു പരിപാടി നടത്താനും; അവസാനം കുറ്റം പറച്ചിലും ചീത്തവിളിയും മാത്രം കേൾക്കാനും വിധിക്കപ്പെട്ട ഒരു പാവം സമൂഹം.

പുലി ഇറങ്ങി എന്നൊക്കെ പറയുന്നതുപോലെ ക്രിസ്തുമസ്‌ പാപ്പാ ഇറങ്ങിയതോടെയാണ്‌ പരിപാടി ഔദ്യോഗികമായി ആരംഭിച്ചത്‌. പാപ്പായ്ക്കു പുറകേ ചുമന്ന തൊപ്പിയും വച്ചു കമ്മറ്റി അംഗങ്ങളും. എന്തായാലും അവരെല്ലാം തൊപ്പി വച്ചതു നന്നായി. കമ്മറ്റിക്കാർക്കു സ്ഥിരം കിട്ടാറുള്ള തല്ലു വരുമ്പോൾ ആളു മാറിപ്പോവില്ല.
ക്രിസ്തുമസ്‌ പാപ്പാ ഓരോരുത്തരുടേയും അടുത്ത്‌ ചെന്ന് അഭിവാദനം കൊടുക്കുന്നു. കൂടെ മിഠായിയും. അഭിവാദനം ആൾക്കാർ കിട്ടുന്ന പടി തിരിച്ചു കൊടുക്കുന്നു. മിഠായി മേടിച്ചു സ്വന്തം വായിലേക്കു തട്ടുന്നു.
ക്രിസ്തുമസ്‌ പാപ്പാ എന്റെ അടുത്തും എത്തി. ദുരിധാശ്വാസ കേന്ദ്രത്തിൽ റേഷൻ വിതരണം ചെയ്യുന്നതുപോലെ എനിക്കു കിട്ടിയത്‌ ഒരു മിഠായി. Merry chirstmas എന്നോ മറ്റോ ആണ്‌ പാപ്പാ എന്നോടു പറഞ്ഞത്‌. പെൺകുട്ടികളുടെ അടുത്തു ചെല്ലുമ്പോൽ പാപ്പാ Merry എന്നുള്ളതു മാറ്റി Marry എന്നാണോ പറയുന്നത്‌?. അതുപോലെ അവിടെ കൊടുക്കുന്ന മിഠായിയുടെ എണ്ണവും കൂടുന്നില്ലേ? ഈ കുപ്പായം ഇട്ട്‌ ഇറങ്ങിയാൽ ഇങ്ങനെ ചില മെച്ചങ്ങൾ ഒക്കെ ഉണ്ട്‌ എന്നറിഞ്ഞിരുന്നെങ്കിൽ കമ്മറ്റിക്കു കൈക്കൂലി കൊടുത്തായാലും അത്‌ ഞാൻ തന്നെ മേടിച്ചേനേ.

എന്തൊക്കെ പറഞ്ഞാലും ക്രിസ്തുമസ്‌ പാപ്പാ കലക്കി. ഉഷ്ണം എടുക്കുന്ന കുപ്പായവും ഇട്ട്‌ പാപ്പാ പണിക്ക്‌ ഇറങ്ങാൻ സന്മനസു കാണിച്ച അദേഹത്തേ സമ്മതിക്കണം.

തുടർന്നു മത്സരങ്ങൾ ഓരോന്നായി ആരംഭിച്ചു.

തിരി കത്തിക്കൽ മത്സരമാണ്‌ ആദ്യം നടന്നത്‌. ഒരു തീപ്പെട്ടി കൊള്ളി കൊണ്ടു കൂടുതൽ തിരി കത്തിക്കുന്നവർ വിജയിക്കും. ഈ ഇനത്തിലുള്ള ആൾക്കാരുടെ പ്രകടനം കണ്ടപ്പോൾ ഞാൻ എന്റെ ബാല്യകാല സുഹൃത്ത്‌ തൊമ്മിയെ ഓർത്തുപോയി. ആ മാന്യ ദേഹം പണ്ട്‌ ഇതുപോലെ ഒരു മത്സരതിൽ പങ്കെടുത്തിട്ടുള്ളതാണ്‌. അന്ന് അവൻ ആദ്യം ഒരു കുപ്പി മണ്ണണ്ണ തിരിയിലേക്കും അത്‌ വച്ചിരുന്ന മേശയിലേക്കും ഒഴിക്കുക ഉണ്ടായി. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം മണ്ണണ്ണ ഒഴിക്കരുത്‌ എന്ന് കളിയുടെ നിയമത്തിൽ ഇല്ല. എന്തായാലും പിന്നീടു നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു കൊള്ളി ഉരച്ചു അവൻ തീ കൊടുത്തു. തീ ആളി പിടിച്ചപ്പോൾ "കത്തുന്ന തിരി എണ്ണിക്കോളൂ; തിരി മാത്രം എണ്ണിയാൽ മതി, ബാക്കി ഉള്ളവ വിട്ടേക്കൂ. അത്‌ ഫയർ ഫോഴ്‌സ്‌ വന്ന് എണ്ണിക്കോളും" എന്നും പറഞ്ഞു അവൻ മാറി നിന്നു. അവനേപ്പോലെ ഒരുത്തൻ ഇവിടെ ഇല്ലാത്തത്‌ കമ്മിറ്റിക്കാരുടെ ഭാഗ്യം.

പിന്നെ നടന്നത്‌ വെള്ളമടി മത്സരമാണ്‌. വെള്ളം എന്നത്‌ സാദാ പൈപ്പു വെള്ളം. മത്സരത്തിന്റെ സമ്മാനമായ ഒരു കുപ്പി വൈൻ രാജകീയമായി മേശയിലിരുന്ന് കുടിയന്മാരെ നോക്കി ചിരിക്കുന്നു. ആ ചിരി കണ്ടാണ്‌ പലരും എത്തിയിരിക്കുന്നത്‌. മത്സരത്തിൽ പങ്കെടുത്തവരുടെ വെള്ളത്തോടുള്ള ആർത്തി കണ്ടപ്പോൾ ഇവരെ എല്ലാം കൂടി ആ മുല്ലപ്പെരിയാറിലേക്ക്‌ ഇറക്കി വിട്ടാലോ എന്നു ഞാൻ അലോചിച്ചു. ആ ഒരു പ്രശ്നം അങ്ങനെ എളുപ്പം തീർന്നു കിട്ടും. ഡാമിൽ വെള്ളമുണ്ടെങ്കിലല്ലേ അലമ്പ്‌ ഉള്ളൂ.

ഈ ബഹളത്തിനിടയിൽ കുടിയന്മാർക്കു കൊടുക്കാൻ കരുതിയിരുന്ന വൈൻ അടിച്ചോണ്ടു പോകാനുള്ള ഒരു കുടിയന്റെ ശ്രമം കമ്മറ്റിക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായി. കമ്മറ്റിക്കാർ തൽക്കാലം കുടിയന്മാരുടെ ഇടിയിൽനിന്നു രക്ഷപെട്ടു.

ക്രിസ്തുമസ്‌ ഫ്രണ്ടിനു സമ്മാനം കൊടുക്കൽ ആയിരുന്നു അടുത്ത ഐറ്റം. എനിക്കു കിട്ടിയത്‌ മൊബൈൽ ഫോൺ വെക്കുന്ന ഒരു സ്റ്റാൻഡ്‌. അതിൽ മൊബൈൽ വച്ചാൽ കോളു വരുമ്പോൾ അവൻ മിന്നാൻ തുടങ്ങുമത്രേ. എന്തായാലും കിട്ടിയ സാധനം ഞാൻ ഭദ്രമായി എന്റെ സീറ്റിൽ കൊണ്ടെവച്ചിട്ട്‌ ബാക്കി ഉള്ളവർക്കു കിട്ടിയ സാധനങ്ങളുടെ കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങി.

ദാസൻ(ശരിക്കുള്ള പേര്‌ അല്ല) തന്റെ ക്രിസ്തുമസ്‌ സമ്മാനവും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ്‌. ഒരു തരുണീമണി വന്ന് തനിക്ക്‌ സമ്മാനം തരുന്നത്‌ അദേഹം സ്വപ്നം കാണുന്നു. തരുണീമണിക്കു കൊടുക്കാൻ മേടിച്ച ക്രിസ്തുമസ്‌ കാർഡ്‌ ഭദ്രമായി മേശപ്പുറത്തു വച്ചിരിക്കുന്നു. കുറേ നേരം ആയിട്ടും ആരും വന്നില്ല. ഇത്‌ ദാസനെ അക്ഷമനാക്കി. ആ അക്ഷമൻ തന്റെ ക്രിസ്തുമസ്‌ ഫ്രണ്ടിനേ ചീത്ത വിളിക്കാൻ തുടങ്ങി. ഒരോ ചീത്ത വിളിയും കേട്ടു വിജയൻ(ഇതും ശരിക്കുള്ള പേരല്ല ) അടുത്തിരുന്നു കിടുങ്ങുന്നു. കാരണം ദാസന്റെ ക്രിസ്തുമസ്‌ ഫ്രണ്ട്‌ വിജയൻ ആണ്‌. അങ്ങേര്‌ സമ്മാനം എടുക്കാൻ മറന്നുപോയി. എന്തായലും വിജയൻ ദാസന്റെ അടുത്തു തന്നെ ഇരുന്ന് അദേഹത്തേ ആശ്വസിപ്പിക്കുന്ന്ഉണ്ട്‌. അവൻ മറന്നു പോയതായിരിക്കും എന്നും നാളെ കിട്ടും എന്നും പറഞ്ഞാണ്‌ സമധാനിപ്പീര്‌. സംഗതി അവൻ പറയുന്നത്‌ സത്യം ആണ്‌. പക്ഷെ, ക്ഷമ നശിച്ച ദാസൻ ഓരോ സമാധാനിപ്പിക്കലിനും തന്റെ ക്രിസ്തുമസ്‌ ഫ്രണ്ടിനേ ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞതോടേ ദാസൻ കലിപ്പൻ ആയി.സാധാരണ എല്ലായിടത്തും സംഭവിക്കുന്നതുപോലെ കലിപ്പൻ ദാസൻ ഉത്സവ കമ്മറ്റി അംഗങ്ങളുടെ മേൽ കുതിര കേറി. നിന്ന നിൽപ്പിൽ കമ്മറ്റിക്കാർ എന്തൊ സാധനം പൊതിഞ്ഞു കൊടുത്ത്‌ "ഇതുകൊണ്ടു അഡ്ജസ്റ്റ്‌ ചെയ്യൂ സഹോദരാ" എന്നും പറഞ്ഞ്‌ ആ കുതിരയേ മെരുക്കി. ഉള്ളതാകട്ടേ എന്നും പറഞ്ഞ്‌ കിട്ടിയ സമ്മാനവും മേടിച്ചു വച്ച്‌ ദാസൻ വീണ്ടും തന്റെ ഫ്രണ്ടിനെ ചീത്ത പറയാൻ തുടങ്ങി. അതോടെ സമാധാനം നശിച്ച വിജയൻ ഇതുവരെ കിട്ടിയ ചീത്തകളുമായി അവിടെ നിന്നു മുങ്ങി.

ഇതിനിടയിൽ എനിക്കു കിട്ടിയ സമ്മാനം ഫോൺ കോളു വന്നാൽ മിന്നും എന്നറിഞ്ഞ ചില ശാസ്ത്രകുതുകികൾ എന്റെ സീറ്റും കയ്യടക്കി അതിന്മേൽ പണി അരംഭിച്ചു. കുറഞ്ഞ നിമിഷം കൊണ്ട്‌ എല്ലാവരും കൂടി അതിനെ പൊളിച്ച്‌ അടുക്കി. ഇനി അതിൽ ഊരാൻ ബാക്കി ഒന്നും ഇല്ല എന്ന അവസ്ഥ എത്തിയപ്പോൾ അണ്‌ പൊളിച്ച്‌ അടുക്കൽ പരിപാടി നിന്നത്‌. പൊളിച്ചടുക്കിയവയേ തിരിച്ചടുക്കലും, അവയിൽ പരീക്ഷണ നിരീക്ഷണങ്ങളുമായി ആ കലാപരിപാടി പിന്നേയും നീണ്ടുപോയി.

ഞാൻ തിരിച്ചു വരുമ്പോൽ ഫോൺ കോളു വന്നാൽ മിന്നുന്നവന്റെ അവസ്ഥ പരമ ദയനീയം ആയിരുന്നു. പോലീസുകാർ കൊണ്ടുപോയി ഇടിച്ചു കുറ്റം സമ്മതിപ്പിച്ച പ്രതിയേപ്പോലെ അവൻ അവശനായി ഇരിക്കുന്നു. ഇപ്പൊൾ ഫോൺ വന്നാലേ മിന്നൂ എന്നൊരു പിടിവാശി ഒന്നും അവനില്ല. പേടി കാരണം ആരു വന്നാലും അണ്ണൻ മിന്നും. എന്നെ ഒന്നും ചെയ്യരുതേ എന്ന ഭാവത്തിൽ. അമ്മാതിരി പീഠനം ആണ്‌ അതിന്മേൽ നടന്നത്‌. നിർത്താതെ ഉള്ള മിന്നലുകൾക്കു ശേഷം അണ്ണൻ; തിരിച്ചു പിടിപ്പിച്ചപ്പോൾ ബാക്കി വന്ന ഏതോ ഒരു സാധനം എടുത്ത്‌ കുരിശും വരച്ച്‌ സ്വന്തം മൂക്കിലേക്ക്‌ എടുത്തു വച്ച്‌ അന്ധ്യശ്വാസം വലിച്ചു.

സമ്മാനമായി പൈന്റു കുപ്പി കിട്ടിയവർ അണ്‌ ഇപ്രാവശ്യത്തേ ഏറ്റവും ഭാഗ്യവാന്മർ ആയി അറിയപ്പെട്ടത്‌. അവന്മാരുടെ ക്രിസ്തുമസ്‌ ഫ്രണ്ടിനെ ആളുകൾ ബഹുമാനത്തോടേ നോക്കുന്നു. ഇങ്ങനെ ഒരു ക്രിസ്തുമസ്‌ ഫ്രണ്ടിനെ അടുത്ത തവണ എങ്കിലും കിട്ടാൻ പലരും നേർച്ച നേരുന്നു.
സമ്മാനമായി കാറ്റാടി വരെ കിട്ടിയവർ ഉണ്ടത്രേ. എന്താണാവോ അതുകൊണ്ടു ഉദേശിക്കുന്നത്‌?

Sunday, December 20, 2009

അങ്ങനെ ഒരു അവധി ദിനത്തില്‍

മഴക്കാലത്തെ കുത്തൊഴുക്കില്‍പ്പെട്ട്‌ ആറേ ഒലിച്ചു പോയവന്‍ പാറയില്‍ അള്ളിപ്പിടിച്ചു രക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു വികാരം ഉണ്ടല്ലോ; ഏതാണ്ട്‌ അതേ വികാരം ആയിരുന്നു കുട്ടിക്കാലത്ത്‌ ഇടക്കിടക്കു വീണു കിട്ടുന്ന അവധിദിനങ്ങള്‍ ഞങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കിയിരുന്നത്‌.

സിനിമയിലെ ഞാഞ്ഞൂലു പോലെ ഇരിക്കുന്ന നായകന്‍ ഒരു വിധത്തില്‍ സംവിധായകന്റെ സഹായത്തോടെ ഇടിച്ചു പഞ്ചറാക്കി ആറ്റില്‍ തള്ളിയിട്ട വില്ലന്‍ വല്ലിടത്തും അള്ളിപ്പിടിച്ചു കേറി, വീണ്ടും വെല്ലുവിളിയോടും, കര്‍ണ്ണപുടം തകര്‍ക്കുന്ന ശബ്ദ കോലാഹലങ്ങളുടേയും അകംമ്പടിയൊടെ രംഗപ്രവേശനം ചെയ്താല്‍ അതു കാണുന്ന ഒരു സാദാ പ്രേഷകനുള്ള തരം ഒരു വേവലാതി അയിരുന്നു ഈ അവധിയേക്കുറിച്ചു കേള്‍ക്കുന്ന ഞങ്ങളുടെ സ്വന്തം നാട്ടുകാര്‍ക്ക്‌ ഉണ്ടായിരുന്നത്‌.

ആറ്റില്‍ നിന്നു രക്ഷപെട്ട ആശ്വാസത്തോടേ ആറിനേയും ആറിന്റെ ഒഴുക്കിനേയും പുഛത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും തെന്നി ആറ്റില്‍പോയി എന്നു പറഞ്ഞതുപൊലെ ഈ അവധികള്‍ പെട്ടന്നു തീരുകയും ഞങ്ങള്‍ വീണ്ടും കാലത്തിന്റെ കുത്തൊഴുക്കിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യുമായിരുന്നു.

എന്തെങ്കിലും കാരണവശാല്‍ സ്കൂള്‍ അവധി അണെങ്കില്‍, ടിക്‌ ടിക്‌ എന്ന് ടൈമ്പീസ്‌ പോലെ ഇടിച്ചുകൊണ്ടിരുന്ന നാട്ടുകാരുടെ നെഞ്ചുകള്‍ നിലച്ചു പൊവുകയൊ, അല്ലെങ്കില്‍ നിലക്കാന്‍ മാനസികമായി തയാറെടുക്കുകയോ ചെയ്യുമായിരുന്നു. ഞങ്ങളുടെ സ്കൂളിന്‌ എന്തെങ്കിലും അറ്റകുറ്റ പണി ഉണ്ടെങ്കില്‍ അതു നാട്ടുകാര്‍ അവധി ദിവസങ്ങളിലൊ, അല്ലെങ്കില്‍ രാത്രി ഉറക്കം ഇളച്ചിരുന്നോ ചെയ്യുമായിരുന്നു. ഇതു സ്കൂളിനോടുള്ള താല്‍പര്യമോ സ്കൂള്‍ മാനേജര്‍ ആയ ഫാദര്‍ ചാണ്ടി അചഛനോടുള്ള സ്നേഹം മൂലമോ ആയിരുന്നില്ല. മറിച്ച്‌ ഇതുമൂലം ഒരു ദിവസം പഠിപ്പു മുടങ്ങിയാല്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങള്‍ ഓര്‍ത്തായിരുന്നു.
അവധി ആരു തന്നാലും അവന്‍ ഞങ്ങള്‍ക്കു ദൈവം ആയിരുന്നു. പഠിച്ചു വലുതാകുമ്പോള്‍ ആരാകണം എന്ന് ചോദിച്ചാല്‍, സ്ക്കൂളിന് ഇഷ്ടം പോലെ അവിധി കൊടുക്കാനുള്ള അധികാരം ഉള്ളവന്‍ ആകണം എന്നതായിരുന്നു ഞങ്ങളില്‍ പലരുടേയും ഉത്തരം.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ്‌ ഏതൊ ഒരു മഹാന്‍ വടിയായി മാറിയതിന്റെ പേരില്‍ ആരോ അവധി പ്രഖ്യാപിച്ചത്‌. അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ആ അവിധി ദിനത്തിന്റെ ആഹ്ലാദത്തില്‍ ആയിരുന്നു അന്നു ഞങ്ങള്‍‍. രാവിലേ തന്നേ എല്ലാവരും ആ ആഹ്ലാദത്തോടെ ഒരുമിച്ചു കൂടി.

തൊമ്മി അന്നു പതിവിലും നേരത്തേ എത്തി. സ്വതവേ സമാധാനപ്രിയരായ ഞങ്ങളുടെ ഗ്രാമത്തില്‍ മരുന്നിനെങ്കിലും ഒരു ഗുണ്ട ഉണ്ടായിരുന്നത്‌ തൊമ്മി ആയിരുന്നു. നാട്ടിന്‍പുറത്തു കാണുന്ന, തരം താണ ഗുണ്ടകളുടെ ഗണത്തില്‍ ദയവു ചെയ്തു ഇയാളെ നിങ്ങള്‍ പെടുത്തരുത്‌. ഇദേഹം പ്രായാപൂര്‍ത്തി ആകാത്ത ഒരു പാവം ഗുണ്ടയാണ്‌. തൊമ്മി ഗുണ്ടയുടെ പ്രായം 6 വയസ്സ്‌. ഗുണ്ട രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഗുണ്ടയുടെ പ്രധാന ആയുധങ്ങള്‍ ഒരു കുപ്പി നിറയെ ചെളി വെള്ളം നിറച്ചത്‌, തെറ്റാലി, പാറക്കല്ല്, കുനിച്ചു നിര്‍ത്തി കൂമ്പിന്‌ ഇടി, വിവിധ ഇനം തെറികള്‍, തീവെയ്പ്പ്‌ ഇത്യാദി.

സാധാരണ അവധി ദിവസ്സങ്ങളില്‍ തൊമ്മിയെ അവന്റെ അപ്പന്‍ മുറിക്ക് പുറത്തിറക്കാറുള്ളതല്ല. മുറിക്കു പുറത്തായാലും അകത്തായാലും വൈകുന്നേരം ആകുമ്പോള്‍ കുറഞ്ഞത്‌ ഒരു തല്ലിനെങ്കിലും ഉള്ള വക അവന്‍ ഉണ്ടാക്കിയിരിക്കും. അപ്പൊള്‍ പിന്നെ വീട്ടിലിരുന്നാലെന്ത്‌ ഇരുന്നില്ലെങ്കില്‍ എന്ത്‌?

ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കാതെ ഇന്ന് എന്തു കളിക്കും? കളി നടക്കുന്നത് ഞങ്ങളുടെ പറമ്പില്‍ ആയതിനാല്‍ അവസാന വാക്ക് എന്റേയും അനിയന്‍ ബോബിയുടേയുമാണ്.
ക്രിക്കറ്റ്‌ കളിച്ചാലോ? ക്രിക്കറ്റിനേക്കുറിച്ചു ഓര്‍ക്കുമ്പോള്‍ മത്തായിയുടെ തലയില്‍ കാണുന്ന ബള്‍ബ്‌ പൊലെ ഉള്ള ആ സാധനം അണ്‌ മനസിലേക്കു കടന്നു വരുന്നത്‌. കുട്ടായി കോര്‍ക്കു ബോളിനു വീക്കിയതാണ്‌. എന്തായാലും അതില്‍ അത്ര കുഴപ്പം ഒന്നും പറയാന്‍ ഇല്ല. ഇപ്പോള്‍ നല്ല വെയിലുള്ള സമയത്തു ദൂരെ നിന്നു നോക്കിയാല്‍ എന്തോ ഐഡിയ വന്നു കത്തി നില്‍ക്കുന്ന ഒരു ബള്‍ബ്‌ പൊലെ ഉണ്ട്‌. അയാളേക്കുറിച്ച്‌ അറിവില്ലാത്തവര്‍ അയാള്‍ ഒരു ബുദ്ധിമാന്‍ അണെന്നു കരുതും. കുട്ടായിയോട്‌ അയാള്‍ നന്ദി പറയേണ്ടതാണ്‌. നന്ദി പറയാന്‍ അയാള്‍ ഒരു പത്തലുമായി വന്നിരുന്നു എന്നാണു കേട്ടത്‌. നന്ദി മേടിക്കാതെ കുട്ടായി ഓടിക്കളയുകയാണ് ഉണ്ടായതത്രേ. കുട്ടായിക്കു കൊടുക്കാന്‍ പറ്റിയില്ലെങ്കിലും കഷ്ടപ്പെട്ടു കൊണ്ടുവന്ന നന്ദിയില്‍നിന്നു കുറച്ച്‌ അയാള്‍ കുട്ടായിയുടെ അപ്പന്‍ കുഞ്ഞാപ്പനു കൊടുത്തിട്ടാണു പോയത്‌. അതു മൊത്തമായി കുഞ്ഞാപ്പന്‍ അന്നു വൈകിട്ടു കുട്ടായിക്കും കൊടുക്കുക ഉണ്ടായി. അതിന്റെ സന്തോഷത്തില്‍ അവന്‍ രാത്രി മുഴുവന്‍ കാറിച്ച അയിരുന്നു.

എന്നാല്‍ പിന്നെ ഇന്നു ഫുട്ബോള്‍ കളിച്ചാലോ? ചാണ്ടി കാലു വച്ചു വീഴിക്കാന്‍ സാധ്യത ഉണ്ട്‌. പണ്ടു ഞാന്‍ അവനെ ഒന്നു കാലു വച്ചു വീഴിച്ചിട്ടു അവന്‍ കുറേ ഉരുണ്ടു പോയതാണ്. അന്ന് അവന്‍ ഉരുണ്ടു പൊയി നിന്നത്‌ ആശുപത്രിയുടെ വാതില്‍ക്കല്‍ അണ്‌. അവനേ അന്ന്‌ അവിടെ അഡ്മിറ്റ്‌ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അവിടെ ഉണ്ടായിരുന്ന ഞാന്‍ ഉള്‍പ്പടെയുള്ള ആര്‍ക്കും ഒരു സന്ദേഹവും ഇല്ലായിരുന്നു. ഒരു ആഴ്ച അവിടെ കിടന്നു. അത്രയേ ഉള്ളൂ.

അങ്ങിന്നെ ഞങ്ങള്‍ കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ ആണ്‌ കുട്ടായിക്ക്‌ ഒരു ഐഡിയ തൊന്നിയത്‌. ഇന്നു നമുക്കു യുദ്ധം നടത്തിയാലോ? സ്ഥിരം ഉള്ള കളികള്‍ അവസാനം നാട്ടുകാര്‍ക്കു യുദ്ധത്തിന്റെ ഫലമാണ്‌ ഉണ്ടാക്കി കൊടുക്കാറ്‌. അങ്ങനെ ഉള്ളപ്പോള്‍ യുദ്ധത്തില്‍ തുടങ്ങിയാല്‍ അത്‌ എവിടെ പോയി നില്‍ക്കും എന്ന ഒരു സംശയം എനിക്കു തോന്നാതിരുന്നില്ല. യുദ്ധം എന്ന് അവന്‍ ഉദ്ദേശിച്ചത്‌ രണ്ടു ടീമും പിന്നെ പൊരിഞ്ഞ ആക്രമണവും ആണ്. ആക്രമണം എന്നത്‌ കടലാസു ചെറുതായി മുറിച്ചു അത്‌ ടൈറ്റ്‌ ആയി ചുരുട്ടി, നടുവേ മടക്കി റബര്‍ ബാന്റിനു തെറ്റിച്ചു വിടുക എന്നതാണ്‌.പ്രധാന ആയുധം കോള്‍ഗേറ്റ്‌ പേസ്റ്റിന്റെ കവര്‍ മുറിച്ചു ചുരുട്ടിയതാണ്‌. അത്‌ വളരെ കുറച്ചേ കയ്യില്‍ ഉള്ളൂ. അതുകൊണ്ട്‌ അത്യാവശ്യ നേരങ്ങളിലേ അത്‌ എടുക്കാവൂ. ഒരു ടീം, കണ്ണടച്ച് 50 വരെ എണ്ണുമ്പോള്‍ അടുത്ത ടീം ഒളിക്കണം, ശേഷം എണ്ണിയ ടീം ഒളിച്ച ടീമിനെ കണ്ടുപിടിച്ച് ആക്രമിക്കണം. ഇപ്രകാരം ആയിരുന്നു മഹാനായ കുട്ടായി വിഭാവനം ചെയ്ത യുദ്ധത്തിന്റെ തുടക്കം.

ഞാനും അനിയന്‍ ബോബിയും അടങ്ങിയ ഇന്‍ഡ്യന്‍ ടീമും, തൊമ്മിയും, കുട്ടായിയും അടങ്ങിയ പാകിസ്താന്‍കാരും തമ്മിലായിരുന്നു റബര്‍ ബാന്റിന്‌ അന്ന് വീക്കു നടന്നത്‌.
യുദ്ധത്തിനു മുന്നോടിയായി ഓരോരുത്തരും സ്വന്തം പേരുകള്‍ മാറ്റി. പെണ്ണമ്മയുടെ മകന്‍ കുട്ടായി ബില്‍ ക്ലിന്റന്‍ എന്ന് നാമകരണം ചെയ്തു. പിന്നെ മുഷറഫ്‌(തൊമ്മി), ഒസാമ ഇങ്ങനെ പോകുന്നു പാകിസ്താന്‍ കാരുടെ പേരുകള്‍. ഇന്ത്യക്കാര്‍ മൊത്തത്തില്‍ സമാധാനപ്രിയര്‍ ആയതുകൊണ്ട്‌ അവരുടെ പേരുകല്‍ ഗാന്ധി, നെഹൃ , മദര്‍ തെരേസ ഇങ്ങനെ പോകുന്നു. .
അങ്ങനെ ഇന്‍‌ഡ്യക്കാര്‍ കണ്ണടയും എണ്ണലും ആരംഭിച്ചു. ഒന്ന്, രണ്ട്‌, മൂന്ന്,... പാക്കിസ്താന്‍കാര്‍ ഒളിക്കാന്‍ തുടങ്ങി.

അവന്മാരുടെ നീക്കം ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്ന ഞാന്‍ ഒരു ഞെട്ടലോടെയാണ് ആ സത്യം മനസ്സിലാക്കിയത്‌. അവന്മാര്‍ എന്റെ വീട്ടിലേക്കാണ്‌ ഓടിക്കയറിയിരിക്കുന്നത്‌. വീട്ടില്‍ ആണെങ്കില്‍ ആരും ഇല്ല. സര്‍വ്വോപരി വല്ല്യപ്പന്റെ മുറിയില്ലേക്കാണ്‌ അവന്മാര്‍ പോയിരിക്കുന്നത്‌. മഴയുള്ള രാത്രിയില്‍ തകര്‍ന്നു കിടക്കുന്ന തന്റെ മുറിയിലേക്കും നോക്കി എന്നേയും ചീത്ത പറഞ്ഞ്, കൊതുകുകടിയും കൊണ്ടു വീടിന്റെ വരാന്തയില്‍ കിടക്കുന്ന വല്യപ്പന്റെ രൂപം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു പോയി.

അങ്ങനെ എണ്ണല്‍ കഴിഞ്ഞു. പാകിസ്താന്‍കാര്‍ എല്ലാവരും ഒളിച്ചിരിക്കുകയാണെങ്കിലും അവന്മാരെ എവിടെ കിട്ടും എന്ന കാര്യത്തില്‍ ഞങ്ങളിലാര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു. അത്ര സത്യസന്ധമായാണ്‌ ഗാന്ധിയും നെഹൃവുമൊക്കെ കണ്ണടച്ചിരുന്നത്‌. ഞങ്ങള്‍ വല്യപ്പന്റെ മുറി ലക്ഷ്യമാക്കി നീങ്ങി.

നേരേ വല്യപ്പന്റെ മുറിയില്‍ കയറാതെ ഞങ്ങള്‍ ഉമ്മറ വാതിലിലൂടെയും അടുക്കള വാതിലിലൂടെയും ആ മുറിയെ സമീപിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ കൂടി വ്യക്തമാണ്‌. അവന്മാര്‍ എല്ലാവരും വല്യപ്പന്റെ മുറിയില്‍ ഉണ്ട്‌. ഭാഗ്യം, ഒരു മുറിയിലേക്കു കാര്യങ്ങള്‍ ഒതുങ്ങി. തൊമ്മി ആണ്‌ അവന്മാരെ നയിക്കുന്നത്‌. കുതിരപ്പുറത്തിരുന്നാണ്‌ അങ്ങേരു യുദ്ധം നിയന്ത്രിക്കുന്നത്‌. കുതിര എന്നത്‌ വല്യപ്പന്റെ ചാരു കസേരയാണ്. അതില്‍ കേറി ഇരുന്ന് അങ്ങേരു കുതിരപ്പുറത്തിരിക്കുന്നപോലെയുള്ള ചില ചേഷ്ടകള്‍ കാണിക്കുകയാണ്‌. കസേര പുറത്തേക്കുള്ള വാതിലിനു വിപരീതമായി തിരിച്ചിട്ട്‌ , പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് പ്രതിരോധ കവചമാക്കി അതില്‍ മുട്ടു കുത്തി നിന്നു ഇന്ത്യക്കാരേയും പ്രതീക്ഷിച്ചു നില്‍ക്കുന്നു.സ്വതവേ ബലഹീനനായ ആ കസേരയുടെ അന്ത്യം അടുത്തു എന്ന് ഒരു വേദനയോടെ ഞാന്‍ മനസിലാക്കി.

വീട്ടിനുള്ളിലൂടെ ശത്രുക്കള്‍ വരും എന്ന് തൊമ്മി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കുന്നില്ല. അകത്തുനിന്നു വന്ന ഞങ്ങള്‍ കണ്ടത്‌ ഇങ്ങോട്ട്‌ എറിഞ്ഞോളൂ സഹോദരാ എന്ന രീതിയില്‍ നില്‍ക്കുന്ന തൊമ്മിയുടെ പുറം. ഇത്ര കൃത്യമായി അവനെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ 5 പേരും കോള്‍ഗേറ്റ്‌ കവര്‍ എടുത്ത്‌ അറ്റാക്ക്‌ എന്നും പറഞ്ഞ്‌ അവനിട്ടു വീക്കി. നിര്‍ത്തലില്ലാത്ത 2 അയ്യോകളും 3 അമ്മേ വിളിയും അവനില്‍ നിന്ന് ഉണ്ടായി.ചാരു കസേര ചവിട്ടിത്തെറിപ്പിച്ച്‌ അവന്‍ മുറിയിലുണ്ടായിരുന്ന അലമാരയുടെ പുറകിലേക്കു പാലായനം ചെയ്തു. കീറു കിട്ടിയതിന്റെ വേദനയില്‍ തൊമ്മി വ്യാപക ആക്രമണത്തിന്‌ അവിടെ ഇരുന്ന് ആഹ്വാനം കൊടുത്തു. അങ്ങനെ ആക്രമണം ആരംഭിച്ചു.
ഇതിനിടയില്‍ എന്റെ അനിയന്‍ പാഞ്ഞു കയറി മിസൈല്‍ പ്രതിരോധ നിരയില്‍ അഭയം പ്രാപിച്ചു, മിസൈല്‍ പ്രതിരോധ നിര എന്നത്‌ വല്യപ്പന്റെ കട്ടില്‍ ആണ്‌. അവിടെ ഇരുന്നായി അവന്റെ ബാക്കി ആക്രമണം. ഞാന്‍ മുറിക്കു പുറത്തുനിന്നു ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നു. ചാണ്ടി മിസൈല്‍ പ്രതിരോധ കവചം എന്നു പറഞ്ഞ്‌ വല്യപ്പന്റെ കുട ആണ്‌ എടുത്തു പിടിച്ചിരിക്കുന്നത്‌. മുഷറഫ്‌ എടുത്ത്‌ എറിഞ്ഞ വല്യപ്പന്റെ കോളാമ്പി ഫുള്‍ ലോഡില്‍ മൂന്നു തവണ അവന്‍ കുട വച്ച് പ്രതിരോധിച്ചു. എന്തായാലും പെറ്റ തള്ള കണ്ടാല്‍ പോലും അത്‌ ഇപ്പോള്‍ കുട ആണെന്നു പറയില്ല.

ഇതിനിടയില്‍ ആരോ മിസ്സൈല്‍ ആണെന്നും പറഞ്ഞ്‌ ഒരു സാധനം എടുത്ത്‌ എറിയുന്നത്‌ കണ്ടു. വല്യപ്പന്റെ ഊന്നു വടിയാണെന്നു തോന്നുന്നു ആ പോയത്. ആ പോക്കിന്റെ ഫലമായി ചുമരില്‍ മാലയിട്ട് വെച്ചിരുന്ന ഗീ വര്‍ഗ്ഗീസു പുണ്യവാളന്റെ ഫോട്ടോ മാല സഹിതം തഴേക്കു പോയി. ഏറ് കൊള്ളുമ്പോള്‍ പുണ്ണ്യവാളന്‍, കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട് പാ‍മ്പിനെ കൊല്ലുകയായിരുന്നു.കുന്തവും, പാമ്പും, കുതിരയും, പുണ്യവാളനും, ഇപ്പോള്‍ നിലത്തു കിടക്കുന്നു. അവര്‍ക്കു മുകളില്‍ മാല.

എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ യുദ്ധത്തോടെ വല്യപ്പനു കിടപ്പാടം നഷ്ടപ്പെടും.ധ്യാനം കൂടാന്‍ പോയ വല്യപ്പന്‍ തിരിച്ചു വന്നു മുറിയില്‍ കയറുമ്പോള്‍ ആടു കിടന്നിടത്തു പൂട പോലും ഇല്ല എന്ന് എന്തായാലും പറയില്ല. പൂട കിടന്നിടത്തു ആട്‌ ഇരിക്കുന്നു എന്നോ; അല്ലെങ്കില്‍ കിടന്ന ആടിനെ എടുത്തു പൂട ആക്കി വച്ചിരിക്കുന്നു എന്നോ പറയേണ്ടി വരും. ആ രീതിയില്‍ ആണ്‌ കാര്യങ്ങളുടെ പോക്ക്‌.

ഞങ്ങളുടെ കൂടെയുള്ള ബിജുക്കുട്ടന്‍ ആളൊരു പുലി അണ്‌. അവന്‍ ഭാരത്‌ മാതാ കീ ജൈ എന്നും പറഞ്ഞ്‌ തൊമ്മിയുടെ കൂടാരത്തിലേക്കു പാഞ്ഞു കയറി. ഏതോ ഹിന്ദി സീരിയലില്‍ നിന്നു കിട്ടിയ ഡയലോഗ്‌ ആണ്‌ അണ്ണന്‍ കാച്ചുന്നത്‌. ഭാരത്‌ മാതാ കീ ജൈ ഒരു തവണയേ കേട്ടൊള്ളൂ. പിന്നീടു കീറു കിട്ടുന്ന ശബ്ധവും ഭാരത്‌ മാതാ കീ യിലെ കീ കീ എന്ന ശബ്ദവും മാത്രമേ അവനില്‍നിന്ന് ഉണ്ടായുള്ളൂ. എന്തായാലും അതോടെ തൊമ്മിയുടേയും കൂട്ടരുടേയും ആക്രമണം അവന്റെ നേരേ ആയി. അതു മുഴുവന്‍ അല്‍പ്പം പോലും പുറത്തുകളയാതെ സ്വന്തം നെഞ്ചത്തേക്ക്‌ അവന്‍ ഏറ്റുവാങ്ങുന്നതു കണ്ടപ്പൊള്‍, അവന്റെ അപ്പന്‍ രാഘവന്‌ ഇന്നു പണി ആകില്ലേ എന്ന് എനിക്ക്‌ ഒരു ഡൗട്ട്‌ തോന്നാതിരുന്നില്ല. എന്തായാലും അവന്‍ പാഞ്ഞു കയറി ആക്രമിച്ചതോടെ അവന്മാരുടെ ശ്രദ്ധ മുഴുവന്‍ അവന്റെ മേലായി. ഈ തക്കം നോക്കി ഞങ്ങള്‍ വ്യാപക അക്രമണം അഴിച്ചുവിട്ടു. ഗാന്ധി ചെന്ന് കുട്ടായിയെ കുനിച്ചു നിര്‍ത്തി രണ്ട്‌ ഇടിയും കൊടുത്ത്‌ അവന്റെ കയ്യിലുള്ള റബര്‍ ബാന്റും ആയുധങ്ങളും തട്ടിയെടുത്ത്, അതു കൊണ്ട്‌ അവനിട്ടു തന്നെ വീക്കി. ഇത്തരത്തില്‍ കനത്ത ആക്രമണത്തിന്റെ ഫലമായി, തൊമ്മി ഒറ്റക്കാവുകയും അവന്റെ കൂടെ ഉണ്ടായിരുന്ന ഒസാമയും കൂട്ടരും മുറിക്കു പുറത്തിറങ്ങി അരമതിലു ചാടി നിലം തൊടാതെ പായുകയും ചെയ്തു.

ഏറും ആക്രമണവും കൂടി വരുന്നത്‌ കണ്ടപ്പോഴാണ്‌ തൊമ്മി ആ നഗ്നസത്യം മനസിലാക്കിയത്‌. താന്‍ ഏകനാണ്‌...! ബോബി വെടിക്കോപ്പുകളില്‍നിന്ന് കോള്‍ഗേറ്റ് കവറുകള്‍ മാത്രം തിരഞ്ഞെടുക്കുന്നതു കൂടി കണ്ടപ്പോള്‍, ഇനി ഇവിടെ നിന്നാല്‍ തന്റെ വെടി തീരും എന്ന് തൊമ്മിക്കു തോന്നി. ഈ ബോധോദയം തൊമ്മിയെ ഓടാന്‍ പ്രേരിപ്പിച്ചു. അപ്പോഴാണ്‌ താന്‍ വളയപ്പെട്ടിരിക്കുകയാണ്‌ എന്ന സത്യം തൊമ്മി മനസിലാക്കിയത്‌. ആക്രമണത്തിന്റെ കാഠിന്യം കൂടി വന്നപ്പോള്‍ തൊമ്മി മുറ്റത്തേക്ക്‌ എടുത്തു ചാടി. അവിടെ അവനേയും പ്രതീക്ഷിച്ചു പത്തലുമായി മദര്‍ തെരേസ ഉള്‍പ്പടെ മൂന്ന് ഇന്ത്യാക്കാര്‍ നില്‍ക്കുന്നു. അവരില്‍ നിന്നു രക്ഷപെടാന്‍ തൊമ്മി അവിടെ നിന്ന പുളിയന്‍ ഉറുമ്പുകള്‍ നിറഞ്ഞ വാക മരത്തിലേക്കു വലിഞ്ഞു കയറി.

അടുത്ത സീന്‍ വാകമരമാണ്‌. അതില്‍ നിസ്സഹായനായ മുഷറഫ്‌ തൊമ്മി. മരച്ചുവട്ടില്‍ നിന്ന് പൊരിഞ്ഞ ആക്രമണമാണ്‌ നടക്കുന്നത്‌. ഞങ്ങള്‍ക്കു മുന്‍പില്‍ തൊമ്മി എന്ന ഒരാള്‍ ഇല്ല. പാകിസ്താന്‍ ഭടന്‍ ആണ്‌ മരത്തില്‍ ഇരിക്കുന്നത്‌. ചുറ്റും നിന്ന് ‘നീ ഇന്ത്യയോട്‌ കളിക്കുമോടാ...’ എന്നും പറഞ്ഞു റബര്‍ ബാന്റിനു വീക്കുന്നു. ‘ഇനി ഒരിക്കലും ഇന്ത്യയോടു കളിക്കില്ല...’ എന്നൊക്കെ തൊമ്മി കരഞ്ഞു പറയുന്നുണ്ട്‌. ആരു കേള്‍ക്കാന്‍....? ഇതുവരെ റബര്‍ ബാന്റ്‌ കണ്ടിട്ടില്ലാത്ത പിള്ളേരുവരെ ക്യൂ നിന്ന് തൊമ്മി ചേട്ടനിട്ടു തെറ്റി പഠിക്കുന്നു. കീറു കൊണ്ട്‌, അണ്ണാന്‍ കേറി പോകുന്നതു പോലെ തൊമ്മി വീണ്ടും മുകളിലേക്കു പാഞ്ഞു കയറാന്‍ തുടങ്ങി.
ഇനിയും കയറിയാല്‍ മരത്തിന്റെ തുഞ്ചം വളഞ്ഞു നിലത്തു മുട്ടും എന്നു മനസിലാക്കിയ തൊമ്മി തുഞ്ചത്തു കെട്ടിപ്പിടിച്ചിരുന്ന് തന്റെ സഹപ്രവര്‍ത്തകരോട്‌ സഹായം അഭ്യര്‍‌ത്ഥിക്കാന്‍ തുടങ്ങി. സഹപ്രവര്‍ത്തകന്മാര്‍ ഈ സമയം ഊരു പേടിച്ചു നിലം തൊടാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ്‌. സര്‍വ്വോപരി അവന്മാര്‍ എല്ലാം ഇപ്പോള്‍ നിരായുധരാണ്‌. ഓടുവാനുള്ള എളുപ്പത്തിന് മിസ്സൈല്‍ വിക്ഷേപിണികളും മറ്റും അവന്മാര്‍ പറമ്പില്‍ എറിഞ്ഞിരിക്കുന്നു. മരത്തിലിരുന്നുള്ള തൊമ്മിയുടെ ദീന രോദനവും രക്ഷിക്കോ വിളിയും കേല്‍ക്കുമ്പോള്‍, പിടിക്കപ്പെട്ടാലത്തെ തങ്ങളുടെ അവസ്ഥ അവന്മാര്‍ മനസിലാക്കുന്നു. രക്ഷിക്കാന്‍ വരുന്നതിനു പകരം അവന്മാര്‍ ഓട്ടോമാറ്റിക്‌ ആയി ഓട്ടത്തിന്റെ സ്പീഡു കൂട്ടി.

സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം കിട്ടില്ല എന്നു മനസിലാക്കിയ തൊമ്മി സ്വന്തം കുടുംബത്തില്‍ നിന്നു സഹായം അഭ്യര്‍ത്ഥിച്ചു. ‘അമ്മച്ചീ.... ഓടി വായോ..... എന്നെ കൊല്ലുന്നേ....’ എന്നായി കാര്യങ്ങള്‍.
ഇത്രയും നേരം തൊമ്മിക്കു വേണ്ടി നൂതന പീഠന വിദ്യകള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരുന്ന എനിക്ക്‌ അവന്റെ സഹായ അഭ്യര്‍ത്തനയില്‍ ഒരു പന്തികേടു തോന്നി. തോന്നിയ പന്തികേടുമായി തിരിഞ്ഞു നോക്കിയപ്പോഴാണ്‌ എന്റെ അറിവില്‍പ്പെട്ട എറ്റവും വലിയ അപകടം... ചട്ടയും മുണ്ടുമുടുത്ത്‌... ഒലക്കയും കയ്യില്‍ ഏന്തി.... ‘ആരടാ‍.. എന്റെ മോനേ തല്ലുന്നേ...? കൊല്ലും ഞാന്‍ അവനെ...’ എന്ന ശബ്ദവും പുറപ്പെടുവിച്ചുകൊണ്ട്‌ പാഞ്ഞു വരുന്ന നിലയില്‍ കാണപ്പെട്ടത്‌. എന്തായാലും ഈ കൊടും അപകടത്തേക്കുറിച്ച്‌ എല്ലാവര്‍ക്കും സാമാന്യം നല്ല ധാരണ ഉണ്ടായിരുന്നതുകൊണ്ട്‌ ഓടിക്കോ... എന്ന് ഒരുത്തനോടും എനിക്കു പ്രത്യേകം പറയേണ്ടി വന്നില്ല.
അങ്ങിനെ നെഹൃവും, ഗാന്ധിയും, മദര്‍ തെരേസയുമൊക്കെ എന്റെ മഹനീയ നേതൃത്തത്തില്‍ ജീവനും കൊണ്ട്‌ പായുകയാണ്. പാകിസ്താന്‍കാര്‍ പോയ വഴിയിലൂടെ തന്നെയാണ്‌ ഞങ്ങളും പോയത്‌. മുന്‍പില്‍ പാഞ്ഞ പാകിസ്തന്‍കാര്‍ രക്ഷപെട്ടു എന്നോര്‍ത്തു തിരിഞ്ഞു നോക്കിയപ്പോഴാണ്‌ പുറകേ പാഞ്ഞു വരുന്ന ഞങ്ങളെ കണ്ടത്‌. തൊമ്മിയേ വിട്ട്‌ ഇന്ത്യക്കാര്‍ ബാക്കി ഉള്ളവരെ തപ്പി ഇറങ്ങിയതാണെന്നു കരുതിയ കുട്ടായി ചെരിപ്പ്‌ ഊരി കയ്യില്‍ പിടിച്ച്‌ 2 മീറ്റര്‍ പൊക്കം ഉള്ള മതിലും എടുത്തു ചാടി വീണ്ടും ഓടി. പുറകേ ബാക്കി പാകിസ്താന്‍കാരും.....

സഖ്യകക്ഷിയില്‍ നിന്നു സഹായം എത്തിയപ്പോള്‍ മുഷറഫിന്റെ സ്വഭാവം മാറി. രക്ഷിക്കണേ എന്നു പറഞ്ഞവന്‍ ‘രക്ഷപെട്ടോടുയാണൊടാ ഭീരുക്കളേ....ധൈര്യം ഉണ്ടേ... നില്‍ക്കെടാ...’ എന്നു പറഞ്ഞു വെല്ലുവിളി തുടങ്ങി. ഇതിനിടയില്‍ ‘അവിടെ ഇരുന്ന് കാറാതെ താഴെ ഇറങ്ങെടാ...’ എന്ന് തെയ്യാമ്മ തൊമ്മിയോട്‌ ആജ്ഞാപിച്ചു.

ഇറങ്ങാന്‍ നോക്കിയപ്പോഴാണ്‌ തൊമ്മി തന്റെ ഇപ്പോഴത്തേ അവസ്റ്റ മനസിലാക്കിയത്‌. ഏതാണ്ട്‌ ഒരു മൂന്നാള്‍ പൊക്കത്തിലാണ് തന്റെ പ്രതിഷ്ഠ. ഇത്രയും ഉയരത്തില്‍ നിന്നു ഭൂമിയേ ദര്‍ശിക്കുന്നത്‌ ജീവിതത്തില്‍ ആദ്യം. പോരാത്തതിനു മരം മുഴുവന്‍ ഉറുമ്പ്‌. അവന്മാര്‍ എല്ലാവരും കൂടി കടിച്ചു പഠിക്കുന്നു. ഇറങ്ങാനാണെങ്കില്‍ പറ്റുന്നുമില്ല. സ്വതവേ ബലഹീനനായ ഒരു കൊമ്പിലാണ്‌ താന്‍ പിടിച്ചിരിക്കുന്നത്‌. ആ ബലഹീനന്‍ കിര്‍ കിര്‍ എന്ന് ശാബ്ദമുണ്ടാക്കുന്നു. അതൊടെ തൊമ്മിയുടെ വെല്ലുവിളി നിന്നു... ദൈവ വിളി തുടങ്ങി.... ‘കര്‍ത്താവേ... എന്നെ രക്ഷിക്കണേ...’ എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. തന്നെ വിട്ട്‌ മകന്‍ കര്‍ത്താവിനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതു തന്റെ കയ്യില്‍ നില്‍ക്കുന്ന കേസല്ലാ എന്നു മനസിലാക്കിയ തെയ്യാമ്മ ഉലക്ക വലിച്ചെറിഞ്ഞു നാട്ടുകാരെ വിളിക്കാന്‍ തുടങ്ങി.

ജീവനും കൊണ്ടു പായുന്നതിനിടക്കാണ്‌ തെയ്യാമ്മച്ചേടത്തിയുടെ ദീനരോധനം ഞങ്ങളുടെ കാതില്‍ പതിച്ചത്‌. അതോടേ സംഗതി കൈ വിട്ടു പോയി എന്ന് ഞങ്ങള്‍ക്കു മനസിലായി. നാടുവിടേണ്ടി വരുമോ എന്നുവരെ ഞാന്‍ ആലോചിച്ചു പോയി. എന്തായാലും സംഭവം ഒന്ന് അറിഞ്ഞിട്ടു പോകാം.ഓടിപ്പോയ പാകിസ്താന്‍കാരും സംഗതിയുടെ ഗൗരവം മനസിലാക്കി തിരിച്ചു വന്നു. ഞങ്ങള്‍ എല്ലാവരും കൂടി പതുങ്ങി തിരിച്ചു നടന്നു. എന്റെ വീടിന്റെ അടുത്ത്‌ സാമാന്യം ഒരു നല്ല ആള്‍ക്കൂട്ടം ഉണ്ട്‌. അവര്‍ എല്ലാം മുകളിലേക്കു നോക്കുന്നു. മുകളില്‍ ഇരുന്ന് തൊമ്മി പേടിയോടേ താഴോട്ടു നോക്കി മോങ്ങുന്നു.തൊമ്മി പിടിച്ചിരിക്കുന്ന ചില്ലയും തൊമ്മിയേപ്പോലെ താഴേക്കു നോക്കുന്നു. തൊമ്മിക്കു ഫ്രീ ആയി മുകളിലേക്കു ഉപദേശങ്ങള്‍ ചെല്ലുന്നു.

ചില്ലയുടെ നോട്ടവും ആട്ടവും കൂടി വന്നു.തൊമ്മിയുടെ കാറിച്ചയും. കാണികളില്‍ ഒരു നടുക്കം ഉണ്ടാക്കികൊണ്ട്‌ ചില്ല അവസാനം ഇരിഞ്ഞ്‌ താഴേക്കു പോന്നു. സ്വതവേ ബോധം ഇല്ലാത്ത തെയ്യാമ്മയുടെ ഉള്ള ബോധവും അതോടെപോയി. ഞങ്ങള്‍ അറിയാതെ ഈശ്വരനെ വിളിച്ചു...ഓ... ഭാഗ്യം. അവന്‍ ചാടി അടുത്ത കമ്പില്‍ തൂങ്ങിക്കിടക്കുന്നു. യെവന്‍ ഞങ്ങളറിയാതെ കുരങ്ങനു പടിക്കാന്‍ പോയിട്ടുണ്ടോ എന്ന് എനിക്കു സംശയം തോന്നാതിരുന്നില്ല. ഇതിനിടയില്‍ ആരോ മുഖത്തു വെള്ളം ഒഴിച്ചു തെയ്യാമ്മയുടെ പോയ ബോധത്തെ തിരിച്ചു പിടിച്ചു. തൊമ്മിയുടെ ഇപ്പോഴത്തെ നില്‍പ്പു കണ്ട്‌ തെയ്യാമ്മ വീണ്ടും കരയാന്‍ തുടങ്ങി.തൊമ്മി മൊത്തത്തില്‍ വിറക്കാന്‍ തുടങ്ങി. ചില്ലയുടെ ആട്ടം കൂടി, തൊമ്മിയുടെ പേടി കൂടി, അവന്റെ കരച്ചില്‍ ഉച്ചത്തിലായി, തെയ്യാമ്മ കാറിച്ചയുടെ വോളിയം കൂട്ടി. നെഞ്ചിനിട്ട്‌ ഇടിയും തുടങ്ങി...

ഈ സമയം കഥയറിഞ്ഞ തൊമ്മിയുടെ പിതാമഹന്‍ പാപ്പച്ചന്‍ സ്ഥലത്ത് എത്തി. മരം കണ്ടിട്ടുപോലും ഇല്ലാത്ത തന്റെ മകന്‍ ഈ നിലയില്‍ എത്തിയത്‌ പാപ്പച്ചനെ ഞെട്ടിച്ചു കളഞ്ഞു. പാപ്പച്ചന്‍ "പേടിക്കേണ്ട മകനേ... ഞാന്‍ ഇതാ വരുന്നു..." എന്നും പറഞ്ഞ്‌ ഒരു ഏണിവച്ചു മരത്തിനു മുകളിലേക്കു കയറി. പാപ്പച്ചനും തൊമ്മിയുമായുള്ള ദൂരം കുറഞ്ഞു വന്നു. പാപ്പച്ചന്‍ ഏതാണ്ട് അടുത്തെത്താറായപ്പോളാണ് തൊമ്മി കൊമ്പില്‍ നിന്നു പിടി വിട്ട്‌ അപ്പച്ചന്റെ മുതുകത്തേയ്ക്കു ഒരു ചാട്ടം വച്ചു കൊടുത്തത്‌. ഇത് പാപ്പച്ചന്‍ തീരെ പ്രതീക്ഷിച്ചില്ല. പാപ്പച്ചനും ഏണിയും തൊമ്മിയും കൂടി മരവും കുലുക്കി തഴേക്കു പോന്നു.
പാപ്പച്ചന്റെ കയ്യിലെ എല്ലിന്റെ എണ്ണം ആ വീഴ്ച്ചയുടെ ഫലമായി കൂടുക ഉണ്ടായി. അദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴാണ്‌ നാട്ടുകാര്‍ ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച മഹാന്മാരെ അന്വേഷിച്ചത്‌.ആരാണ്‌ ഇതിനു പുറകില്‍ എന്ന് ആരും ചോദിച്ചില്ല. എവിടെ മറ്റവന്മാര്‍ എന്നേ ചോദിച്ചൊള്ളൂ.

അന്ന് വൈകിട്ടു അപ്പന്റെ വക പൊതിരെ തല്ലു കിട്ടി. തല്ലിനിടയില്‍ വല്യപ്പന്‍ മുറിയില്‍ നിന്ന് തകര്‍ന്നുപോയ ഓരോ സാധനങ്ങള്‍ ഉമ്മറത്തു കൊണ്ടുവന്നു നിരത്തുന്നു. അങ്ങനെ നിരത്തുന്ന ഓരോ സാധനങ്ങളും രൂപാന്തരം പ്രാപിച്ച്‌ എനിക്കുള്ള അടിയായി മാറുന്നു. പുണ്യവാളനും പാമ്പും ഒക്കെ ഉമ്മറത്തിരുന്ന് എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. പുണ്യവാളന്റെ കൂടെ ഇരുന്ന് അനിയനും എന്നെ നോക്കി ചിരിക്കുന്നു. അനിയന്‌ ഒരു അടി പോലും കിട്ടിയില്ല. അതാണ്‌ എന്റെ ഏറ്റവും വലിയ സങ്കടം. അവന്റെ കാര്യം ഞാന്‍ അടി മേടിക്കുന്നതിനിടയിലും അപ്പനെ ഓര്‍മിപ്പിച്ചതാണ്‌. അപ്പോഴാണ്‌ അവനെ ഈ ഏടാകൂടത്തില്‍ കൊണ്ടുപോയി ചാടിച്ചതിനുള്ള അടിയുടെ കാര്യം അപ്പന്‍ ഓര്‍ത്തത്‌ ."കൊച്ചു പിള്ളേരേ എന്തിനാടാ ഇതില്‍ കൂട്ടിയത്‌" എന്നും പറഞ്ഞ്‌ അതും എനിക്കു തന്നു. അടി കൊണ്ടു മാത്രം എന്റെ ശിക്ഷ തീര്‍ന്നില്ല. അടിക്കു ശേഷം "നീ ഇനി നന്നായിട്ടു വീട്ടില്‍ കയറിയാല്‍ മതി" എന്നു പറഞ്ഞ്‌ എന്നെ മുറ്റത്ത്‌ നിര്‍ത്തി.

അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ ധീര യോദ്ധാക്കള്‍ക്കും അന്നു പൊതിരെ തല്ലു കിട്ടി.

ക്ലിന്റന്‍ കുറേ നേരം പിടി കൊടുക്കാതെ ഒക്കെ ഓടി നോക്കി. പക്ഷേ അവന്റെ അപ്പന്‍ അവനെ ഓടിച്ചിട്ടു പിടിച്ചു. ഓടിച്ചതിനും കൂട്ടി കള്ളൊഴിച്ചു പുളിപ്പിച്ച തെറി സഹിതം അപ്പന്റെ വക തല്ല് അവനിട്ടു കിട്ടി.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഗാന്ധി അടുത്തുള്ള കാട്ടിലേക്കാണ്‌ പാലായനം ചെയ്തത്‌. രാത്രി അങ്ങേരെ അന്വേഷിച്ചു നടക്കല്‍ ആയിരുന്നു വീട്ടുകാര്‍ക്കു പണി. എതാണ്ടു രാത്രി എട്ടു മണിയോടെ പാറപ്പുറത്തു ചുരുണ്ട്‌ കിടന്ന് ഉറങ്ങുന്ന രൂപത്തില്‍ അവനെ കണ്ടു കിട്ടുകയുണ്ടായി. നൈസ്‌ ആയി വിളിച്ച്‌ എഴുന്നേല്‍പ്പിച്ച് അടിയും കൊടുത്ത്‌ വീട്ടിലേക്കു കൊണ്ടുപോയി. വഴി നീളെ അവന്‍ കാറിക്കൊണ്ടാണ്‌ പോയത്‌. പോകുന്ന പോക്കിലും അവനിട്ടു അടി കൊടുക്കുന്നുണ്ടായിരുന്നു. ഇതൊക്കെ ഇത്ര കൃത്യമായി ഞാന്‍ എങ്ങനെ പറയുന്നു എന്നല്ലേ? ഞാന്‍ അപ്പോഴും വീട്ടിലേക്കുള്ള ക്ഷണവും പ്രതീക്ഷിച്ച്‌ മൂറ്റത്ത് നിന്ന് നന്നായിക്കൊണ്ടിരിക്കുക ആണല്ലൊ ?